District News
സി.ജി. ജിജാസൽ
തൃശൂർ: പുരസ്കാരങ്ങളുടെ നെറുകയിൽ നിൽക്കുന്പോഴും കോർപറേഷന്റെ ശുചിത്വമുഖം ദിനംപ്രതി വികൃതമാകുന്നു. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഒരു ഇടവേളയ്ക്കുശേഷം കുന്നുകൂടുന്നതു പതിവായതോടെ തൃശൂർ നഗരം വലിയൊരു പകർച്ചവ്യാധിഭീഷണിയിലായി.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു തീയിട്ടുപുകയുന്ന റെയിലോരങ്ങളും തെരുവുകളിലേക്ക് ഒഴുകുന്ന മലിനജലവും നഗരവാസികളുടെ ഉറക്കംകെടുത്തുന്നു. നേരത്തേ കോർപറേഷൻ പൂങ്കാവനങ്ങളാക്കി മാറ്റിയ ഇടങ്ങളെ സാക്ഷിനിർത്തിയാണ് നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ചവറുകൂനകളായി മാറുന്നത്.
നാറ്റംവമിച്ച് ശക്തൻ
നഗരത്തിന്റെ നാഡിയായ ശക്തൻ സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. സ്റ്റാൻഡ് പരിസരം തുറന്ന ശുചിമുറിയായി മാറിയതോടെ ശുചീകരണത്തൊഴിലാളികൾ ഇവിടം ഉപേക്ഷിച്ച മട്ടാണ്. ബസ് പാർക്കിംഗിനുപിന്നിൽ കെട്ടിക്കിടക്കുന്ന മൂത്രവും മഴവെള്ളവും ചേർന്നുള്ള ദുർഗന്ധം ആരോഗ്യഭീഷണിയുയർത്തുന്നു. കാനകൾ പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങിയതോടെ മഴ പെയ്താൽ സ്റ്റാൻഡ് വെള്ളത്തിലാകുന്ന സ്ഥിതിയാണ്. കൊതുകുകളുടെ പ്രജനനകേന്ദ്രമായി സ്റ്റാൻഡ് മാറിയിട്ടും അധികൃതർ ഉറക്കംനടിക്കുകയാണ്.
തീപ്പൊരിയടങ്ങാതെ
ട്രാക്ക് പരിസരം
റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിലെ അഗ്നിബാധയുടെ നടുക്കം മാറുംമുന്പേ കോട്ടപ്പുറം പാലത്തിനുസമീപവും മാലിന്യത്തീ പുകയുന്നു. ട്രാക്കിനോടുചേർന്ന് പ്ലാസ്റ്റിക്കും ഹോട്ടൽ വേസ്റ്റും വ്യാപകമായി തള്ളുകയാണ്. രാത്രികാലങ്ങളിൽ ഇവയ്ക്കു തീയിടുന്നതു വായുമലിനീകരണത്തിനു പുറമേ വലിയൊരു അപകടത്തിനും തിരികൊളുത്തുമോ എന്ന ഭീതിയിലാണു നാട്ടുകാർ.
കണ്ണിൽ പൊടിയിടൽ
പ്രസ് ക്ലബ്ബിനു മുന്പിലെ റോഡിലേക്കു കാനയിൽനിന്നു മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പരാതിപ്രളയമായപ്പോൾമാത്രം അല്പം ബ്ലീച്ചിംഗ് പൗഡർ വിതറി തടിയൂരാനാണ് അധികൃതർ ശ്രമിച്ചത്. ശാശ്വതപരിഹാരം കാണാതെ നഗരസഭ ഒളിച്ചുകളി തുടരുകയാണ്. ശുചിത്വപുരസ്കാരങ്ങൾ അലമാരയിലിരിക്കെ, നഗരം മാലിന്യക്കൂന്പാരമായി മാറുന്നതിൽ പ്രതിഷേധം ശക്തമാണ്.
പരാതിക്കാരിൽ
കൗണ്സിലർമാരും
മാലിന്യനീക്കം നിലച്ചതോടെ കഴിഞ്ഞദിവസം നടന്ന കൗണ്സിൽ യോഗത്തിലും ഇക്കാര്യം കൗണ്സിലർമാർ ഉന്നയിച്ചിരുന്നു. മാലിന്യക്കൂനകൾ വർധിച്ചതും തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണങ്ങളും വർധിക്കുന്നതും ഉൾപ്പെടെ യോഗത്തിൽ പരാതിക്കിടയാക്കി. അന്ന് ആരോഗ്യപ്രവർത്തകർക്കെതിരേയും വ്യാപക ആക്ഷേപം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. തിരുവനന്തപുരം അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചവറിന് തീപിടിച്ച് കത്തുന്നത് കണ്ടവരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. എന്നാൽ തീ പെട്ടന്ന് പരിസരത്തു കിടന്ന കാറിലേക്ക് പടരുകയായിരുന്നു. പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്. മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുന്പുതന്നെ തിരുവനന്തപുരം യൂണിറ്റിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം സ്ഥലത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
Leader Page
ഈയിടയ്ക്ക് അലക്സാണ്ടർ വെൽഡർ എന്ന ഒരു ജർമൻ വ്ലോഗർ ഇന്ത്യ സന്ദർശിച്ചപ്പോൾ കേരളത്തിൽ വന്നിരുന്നു. മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ കോട്ടയം ചങ്ങനാശേരിയിൽ എത്തിയപ്പോൾ ബസ് സ്റ്റാൻഡിന് സമീപത്തു കണ്ട മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പകർത്തി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് മലയാളികൾക്ക് വലിയ ജാള്യമാണുണ്ടാക്കിയത്. നിരവധി മലയാളികൾ വീഡിയോയ്ക്ക് താഴെ ക്ഷമാപണം നടത്തി. വീഡിയോ വൈറലായതോടെ അധികൃതർ മാലിന്യം നീക്കംചെയ്തു. എങ്കിലും, ഒരു വിദേശി വേണ്ടിവന്നു നമ്മുടെ മാലിന്യപ്രശ്നം പരിഹരിക്കാൻ എന്നതു ചിന്തിക്കേണ്ട കാര്യമാണ്.
‘വലിച്ചെറിയൽ’ എന്ന ആഗോള പരിസ്ഥിതി പ്രശ്നം
മാലിന്യം വലിച്ചെറിയുന്നത് ഇന്ത്യക്കാരുടെ മാത്രം കുഴപ്പമല്ല. ജർമനിയിലെ സുന്ദര നഗരമായ ഫ്രൈബർഗിൽ മാത്രം ദിവസേന 4,500 കിലോ മാലിന്യമാണ് ആളുകൾ അലക്ഷ്യമായി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതെന്ന് അവിടത്തെ മേയർ മാർട്ടിൻ ഹോൺ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന, അത്യാധുനിക യന്ത്രസാമഗ്രികളുള്ള കാര്യക്ഷമമായ മാലിന്യസംസ്കരണ സംവിധാനമുണ്ട്. അതിനാൽ ജനങ്ങളുടെ മോശം പെരുമാറ്റം അധികനേരം പ്രദർശിപ്പിക്കപ്പെടുന്നില്ല.
കേരളത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം മാലിന്യം കുന്നുകൂടി മാസങ്ങളോളം കിടക്കുന്നു. ഇത് വലിയ ‘കാഴ്ച’യുമാകും. മാലിന്യം വലിച്ചെറിയാനുള്ള പ്രവണത ഫ്രൈബർഗിലും കേരളത്തിലും സമാനമായിരിക്കാം. ഫലത്തിൽ, കാര്യക്ഷമമായ ഒരു ‘വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ അഭാവമാണ് ഒരു ആഗോള പ്രശ്നത്തെ നമ്മുടെ മാത്രം നാണക്കേടായി മാറ്റുന്നത്.
പൊതുബോധവും സാമൂഹ്യശീലവും
സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കാൻ തയാറാകണം. ‘എന്റെ മുറ്റത്ത് വേണ്ട, മറ്റെവിടെയുമാകാം’ എന്ന മനോഭാവമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. തിരുത്തൽശക്തിയായി മാറേണ്ടത് നമ്മുടെ പൊതുബോധം തന്നെയാണ്.
വലിച്ചെറിയലിന്റെ മനഃശാസ്ത്രം: മിഥ്യയും യാഥാർഥ്യവും
തങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നഗരസഭയുടെ ശുചീകരണ വിഭാഗം പൂർണമായും നീക്കം ചെയ്യുന്നുണ്ടെന്നാണ് 90 ശതമാനത്തിലധികം ആളുകളും വിശ്വസിക്കുന്നത്. എന്നാൽ, മാലിന്യത്തിന്റെ 40 ശതമാനവും മനുഷ്യശേഷി ഉപയോഗിച്ചുള്ള സാധാരണ ശുചീകരണത്തിന് എത്തിപ്പെടാൻ കഴിയാത്തിടത്താണ് വീഴുന്നത്. ‘ആരെങ്കിലും വൃത്തിയാക്കിക്കോളും’ എന്ന മിഥ്യാധാരണയാണ് പൊതുവെയുള്ളത്. നമ്മുടെ നഗരങ്ങൾ മാലിന്യക്കൂമ്പാരങ്ങളാകുന്നതിന് പിന്നിലെ മറ്റൊരു വില്ലൻ നിസംഗതയാണ്. ഒരു പഠനം പറയുന്നത്, 54 ശതമാനം ആളുകൾക്കും പൊതു ഇടങ്ങളിൽ ചിതറിക്കിടക്കുന്ന മാലിന്യം കാണുന്നത് ഒരു ശല്യമായിപോലും തോന്നുന്നില്ല എന്നാണ്.
മാലിന്യങ്ങളും സാംക്രമികരോഗഭീഷണിയും
തുറന്ന മാലിന്യക്കൂമ്പാരങ്ങൾ രോഗം പടർത്തുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ അടയുന്നത് കൊതുകും എലിയും പെരുകാൻ കാരണമാകുന്നു. ഫലം ഡെങ്കിപ്പനി, ചിക്കൻഗുനിയ, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങൾ. റോഡരികിൽ തള്ളുന്ന അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷിച്ചാണ് തെരുവു നായ്ക്കൾ പെരുകുന്നത്. ഫേഷ്യൽ ടിഷ്യു, മാസ്കുകൾ തുടങ്ങിയ ശുചിത്വ മാലിന്യങ്ങൾ രോഗാണുവാഹകരാകാൻ സാധ്യതയുള്ളവയാണ്.
സിഗരറ്റ് കുറ്റികൾ, രാസമാലിന്യങ്ങൾ തുടങ്ങിയവ ജലസ്രോതസുകളെയും മണ്ണിനെയും മലിനമാക്കുന്നുണ്ട്. സിഗരറ്റ് കുറ്റികളിൽനിന്ന് ലെഡ്, കാഡ്മിയം, ക്രോമിയം, സിങ്ക്, കോപ്പർ, നിക്കൽ പോലുള്ള ഘനലോഹങ്ങളും നിക്കോട്ടിനും പരിസ്ഥിതിയിലെത്തുന്നു. ഒരു സിഗരറ്റ് കുറ്റിക്ക് പത്തു ലിറ്റർ വെള്ളംവരെ മലിനമാക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലക്രമേണ മൈക്രോപ്ലാസ്റ്റിക്കുകളായി മാറി ജലസ്രോതസുകളിലൂടെ മനുഷ്യശരീരത്തിൽ എത്താനും സാധ്യതയുണ്ട്.
മാറ്റാം, ഈ വലിച്ചെറിയൽ ശീലം
സൗകര്യങ്ങൾ നൽകിയിട്ടും ശീലം മാറ്റാത്തവർക്കെതിരേ കർശന നിയമനടപടികൾ വേണം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ആധുനിക സംവിധാനങ്ങൾ വരണം. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കിയാൽമാത്രം പോര, മാതൃകാപരമായ ശിക്ഷകൂടി നൽകണം. സിംഗപ്പുർ പോലുള്ള രാജ്യങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കൊണ്ടുതന്നെ ആ സ്ഥലം വൃത്തിയാക്കിക്കുന്ന ശിക്ഷാരീതിയുണ്ട്. ഇത് പിഴയടച്ച് രക്ഷപ്പെടുന്ന സമ്പന്നർക്കുപോലും വലിയൊരു നാണക്കേടാണ്.
ആദ്യം മാറേണ്ടത് പ്രശ്നത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. ചെറിയൊരു വൃത്തികേടല്ല, സ്വന്തം കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്നത് ജനങ്ങൾക്ക് ബോധ്യപ്പെടണം. സാമൂഹിക സമ്മർദം എന്ന ഘടകവും പ്രധാനമാണ്. വിദേശരാജ്യങ്ങളിൽ ആളുകൾ മാലിന്യം വലിച്ചെറിയാൻ മടിക്കുന്നത് പിഴയെ പേടിച്ചു മാത്രമല്ല, അത് കാണുന്ന നാട്ടുകാരുടെ പുച്ഛവും പ്രതികരണവും ഭയന്നാണ്. കേരളത്തിലും ഇത്തരമൊരു സോഷ്യൽ ഓഡിറ്റിംഗ് വളർന്നു വരേണ്ടതുണ്ട്. മാലിന്യം തള്ളുന്നത് കണ്ടാൽ ചോദ്യം ചെയ്യാൻ എല്ലാവരും തയാറാകണം. മാലിന്യം കുന്നുകൂടാൻ കാത്തുനിൽക്കാതെ, ആ ‘ആദ്യത്തെ കവർ’ ഉടനടി നീക്കം ചെയ്യുന്ന സീറോ ടോളറൻസ് രീതി നടപ്പിലാക്കണം. എങ്കിൽ, നാളെ മറ്റൊരു വിദേശിക്കുമുന്നിലും നമുക്ക് തലകുനിക്കേണ്ടി വരില്ല.